കോളജ് പരിസരത്ത് വിദ്യാര്‍ഥികള്‍  മാനേജരുടെ കോലം കത്തിച്ചു

വടശേരിക്കര:  പെരുനാട് കാര്‍മല്‍ എന്‍ജിനീയറിങ് കോളജിലെ മൂന്നാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥി കൊട്ടാരക്കര കരിമ്പിന്‍പുഴ പാങ്ങോട് പ്രസന്നഭവനില്‍ പ്രസന്നകുമാറിന്‍െറ മകന്‍ അമല്‍ പി.എസിന്‍െറ (20)  ആത്മഹത്യക്കുപിന്നില്‍ കോളജ് മാനേജരുടെയും സ്റ്റാഫിന്‍െറയും പീഡനമാണെന്നാരോപിച്ച് വിദ്യാര്‍ഥികള്‍ കോളജ് പരിസരത്ത് മാനേജര്‍ ഫാ. സി.ബി വില്യംസിന്‍െറ കോലം കത്തിച്ചു. കഴിഞ്ഞ ശനിയാഴ്ച കോളജിലേക്ക് പുറപ്പെട്ട അമലിനെ മരിച്ചനിലയില്‍ കല്ലടയാറ്റില്‍ കണ്ടത്തെിയിരുന്നു. ആത്മഹത്യാക്കുറിപ്പില്‍ തന്‍െറ മരണത്തിനുത്തരവാദി കാര്‍മല്‍ എന്‍ജിനീയറിങ് കോളജിലെ മാനേജരും സ്റ്റാഫുമാണെന്ന് എഴുതിവെച്ചിരുന്നതായി പറയപ്പെടുന്നു.
രാവിലെ എന്‍ജിനീയറിങ് കോളജിലത്തെിയ പെണ്‍കുട്ടികളടക്കമുള്ള വിദ്യാര്‍ഥികള്‍ മാനേജരുടെ രാജി ആവശ്യപ്പെട്ട് മുദ്രാവാക്യം മുഴക്കി കോളജ് റിസപ്ഷനുമുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി. അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരില്‍ ചിലരും പിന്തുണയുമായി എത്തി. നാട്ടുകാരുടെ പങ്കാളിത്തത്തോടെ വിദ്യാര്‍ഥികള്‍ കോളജിലേക്ക് മാര്‍ച്ചും സംഘടിപ്പിച്ചു.
സംഭവത്തില്‍ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ട വിദ്യാര്‍ഥികളോട് പൊലീസ് സ്റ്റേഷനിലേക്ക് വന്നാല്‍ ചര്‍ച്ചയാകാമെന്നും കോളജ് അധികൃതര്‍ പറഞ്ഞതായും വിദ്യാര്‍ഥിനികളില്‍ ചിലരെ ഭീഷണഇപ്പെടുത്തി സമരത്തില്‍നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചതായും പറയപ്പെടുന്നു.റബര്‍ എസ്റ്റേറ്റുകളാല്‍ ചുറ്റപ്പെട്ട ഒഴിഞ്ഞ കോണില്‍ പ്രവര്‍ത്തിക്കുന്ന ബിലീവേഴ്സ് ചര്‍ച്ചിന്‍െറ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ഈ കോളജില്‍ കേട്ടുകേള്‍വിയില്ലാത്ത മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നതെന്ന് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.് വിദ്യാര്‍ഥികളെ മാനസികമായി പീഡിപ്പിക്കുകയാണെന്നും കുട്ടികളുടെ കലാകായിക, പഠനേതര കഴിവുകളെ പുതിയ മാനേജര്‍ അധികാരമേറ്റശേഷം വളരാന്‍ അനുവദിക്കുന്നില്ളെന്നും പരാതിയുണ്ട്. അക്കാദമിക വിഷയങ്ങളില്‍ ഇടപെടാന്‍ മാനേജര്‍ക്ക് അധികാരമില്ളെങ്കിലും പ്രിന്‍സിപ്പലിനെ നോക്കുകുത്തിയാക്കി മാനേജര്‍ ഏകാധിപതിയെപ്പോലെ പെരുമാറുന്നതായും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.സംഭവത്തില്‍ കോളജ് അധികൃതരെ സംരക്ഷിക്കാന്‍ പ്രബല രാഷ്ട്രീയപാര്‍ട്ടി ശ്രമം തുടങ്ങിയതായും പറയപ്പെടുന്നു. 
മാനേജര്‍ രാജിവെക്കുംവരെ സമരം തുടരുമെന്ന നിലപാടിലാണ് വിദ്യാര്‍ഥികള്‍.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.